Easy Chakka Puzhukk Recipe : ചക്കപ്പുഴുക്കും മീൻകറിയും എന്ന് കേട്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറിയില്ലേ? മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആണ് ഇത്. മീൻകറിയിൽ മലയാളികൾക്ക് ഒരൽപ്പം പ്രിയം കൂടുതൽ മത്തിയോട് ആണ് താനും. ആരോഗ്യത്തിന് മറ്റു പല മീനുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഏറെ ഗുണം ഉള്ളതാണ് മത്തി.അപ്പോൾ പിന്നെ ചക്കയുടെ ഒപ്പം മത്തിയും കൂടി
ആണെങ്കിൽ പിന്നെ പറയേണ്ട കാര്യമുണ്ടോ? അപ്പോൾ അടുത്ത് ഇനി ചക്ക കിട്ടുമ്പോൾ കുറച്ചു മത്തിയും കൂടി വാങ്ങി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. നിങ്ങളുടെ നാവ് ഒരിക്കലും ഈ രുചി മറക്കുകയില്ല.ആദ്യം തന്നെ പച്ച ചക്ക വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കണം. ഇത് ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് കുക്കറിൽ ഇട്ട് വേവിച്ചു എടുക്കണം.
ഒരു മിക്സിയുടെ ജാറിൽ അൽപം തേങ്ങാ ചിരകിയതും ചെറിയ ഉള്ളിയും വെളുത്തുള്ളിയും അര ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് അരച്ചെടുക്കണം.മറ്റൊരു ബൗളിൽ മത്തി കഴുകി വൃത്തിയാക്കി മുറിച്ച് എടുക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് പുരട്ടി മാറ്റി വയ്ക്കണം.
ഒരു മൺപാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് അൽപം ഉലുവയും പെരുംജീരകവും പൊട്ടിച്ചിട്ട് ഉള്ളിയും കറിവേപ്പിലയും പച്ചമുളകും ഉപ്പും ചേർത്ത് വഴറ്റിയിട്ട് തക്കാളിയും കൂട്ടി വേവിക്കണം. ഒപ്പം തന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്തിട്ട് പുളി വെള്ളം കൂടി ചേർക്കാം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചക്കയും തേങ്ങയുടെ അരപ്പും യോജിപ്പിച്ചിട്ട് മീൻ കഷ്ണങ്ങൾ ചേർത്ത് അടച്ചു വച്ചിട്ട് വേവിക്കണം. അവസാനമായി വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർക്കാം. അളവുകൾക്കായി വീഡിയോ മുഴുവനായും കാണുക.