Special Tomato Curry Recipe : ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന ഒരു തക്കാളി കറിയാണ് നമ്മൾ ഇന്ന് ഉണ്ടാക്കുന്നത്. ഇതിനായി നല്ല പഴുത്ത തക്കാളി ഏകദേശം രണ്ടോ മൂന്നോ എണ്ണം എടുക്കുക. അതിലേക്ക് അര മുറി ഇഞ്ചി, രണ്ട് അല്ലി വെളുത്തുള്ളി, രണ്ട് മീഡിയം സൈസ് സവാള, കുറച്ചു കറിവേപ്പില, മൂന്ന് പച്ചമുളക് എന്നിവയും എടുക്കുക. സവാള നന്നായി കനം കുറച്ചു വേണം അരിഞ്ഞെടുക്കാൻ. അതിനുശേഷം ഒരു ചട്ടി അടുപ്പിലേക്ക് വെച്ച് അതിലേക്ക്
എണ്ണ ഒഴിക്കുക. കറിക്ക് വെളിച്ചെണ്ണ ഉപയോഗിച്ചാൽ രുചി കൂടും. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി സവോള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് ആവശ്യമുള്ള പൊടികൾ ചേർത്തു കൊടുക്കാം. കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും മുളകുപൊടിയും ചേർത്ത് കഷ്ണങ്ങൾ നന്നായി ഇളക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത്
അരക്കപ്പ് വെള്ളവും കഷ്ണങ്ങളിലേക്ക് ഒഴിക്കുക. വെള്ളത്തിന്റെ അളവ് കൂടുതൽ ആകരുത്. കഷണങ്ങൾ വേഗം പാകത്തിന് ആവശ്യമുള്ള വെള്ളം മാത്രമേ ഉപയോഗിക്കാവൂ. അതിനുശേഷം അരക്കപ്പ് തേങ്ങ ചിരകിയത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിന്റെ ഒപ്പം ഒരല്ലി വെളുത്തുള്ളിയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ അരപ്പ് വേവിച്ചു വച്ചിരിക്കുന്ന കഷണങ്ങളിലേക്ക് ചേർത്ത്
നന്നായി ഇളക്കുക. ഏറ്റവും ഒടുവിൽ ആയി കറിയിലേക്ക് താളിച്ച് ഒഴിക്കാനായി ഒരു ചെറിയ പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് കടുക്, കറിവേപ്പില, വറ്റൽ മുളക്, എന്നിവയിട്ട് നന്നായി ചൂടാക്കിയ ശേഷം തക്കാളിക്കറിയിലേക്ക് ഒഴിച്ചു കൊടുക്കാം. സ്വാദിഷ്ടമായ കറി തയ്യാർ. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Special Tomato Curry Recipe credit : Mini’s Passion