Easy Thakkali Chatni Recipe Malayalam : ഇന്ത്യൻ കോഫീ ഹൗസ് മസാല ദോശ പോലെ തന്നെ ഹോട്ടലിന്റെ പേരിന്റെ ഒപ്പം പ്രസിദ്ധമായ ഒന്നാണ് ശരവണ ഭവൻ തക്കാളി ചട്ണി. ഇഡലിയുടെയും ദോശയുടെയും ഒപ്പം ഒക്കെ കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ തക്കാളി ചട്ണി. തേങ്ങ ഒന്നും തന്നെ അരയ്ക്കാതെ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഈ ചട്ണി വളരെ അധികം രുചികരം ആണ്.
ഈ തക്കാളി ചട്ണി ഉണ്ടാക്കുന്ന വിധവും ഇതിന് വേണ്ട ചേരുവകളും അതിന്റെ അളവും എല്ലാം തന്നെ വളരെ കൃത്യമായി തന്നെ ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇനി അടുത്ത തവണ ദോശയോ ഇഡലിയോ അപ്പമോ ഒക്കെ ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒരു ചട്ണി ഉണ്ടാക്കി നോക്കൂ. തീർച്ചയായും വീട്ടിലെ മുതിർന്നവർക്കും കുട്ടികൾക്കും ഒക്കെ ഇഷ്ടമാവും.
ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു പാനിൽ എണ്ണ ചൂടാക്കണം. അതിലേക്ക് അൽപം ഉഴുന്ന് ഇട്ട് ചെറുതായി മൂപ്പിച്ചിട്ട് ഇതിലേക്ക് വറ്റൽ മുളക് ചേർത്ത് വഴറ്റണം. ഇത് മൂത്തു കഴിയുമ്പോൾ വെളുത്തുള്ളിയും ചെറിയ ഉള്ളിയും വഴറ്റി എടുക്കണം. ഇതിലേക്ക് വലിയ രണ്ട് തക്കാളിയും കൂടി ചേർത്ത് വേവിച്ച് എടുക്കണം. ഇതിനെ തണുക്കാനായിട്ട് മാറ്റി വയ്ക്കണം.
ചൂട് മാറിയതിനു ശേഷം ഇതിനെ മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റണം. ഇതോടൊപ്പം തന്നെ കുറച്ച് മല്ലിയിലയും കുറച്ച് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും മുളകുപൊടിയും ഉപ്പും ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കണം. കാരറ്റ് ഗ്രേറ്റ് ചെയ്തു ചേർക്കുമ്പോൾ ആണ് ശരവണ ഭവനിലെ അതേ രുചിയിൽ തക്കാളി ചട്ണി കിട്ടുക. ഇതിലേക്ക് നല്ലെണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും കായപ്പൊടിയും മല്ലിയിലയും ചേർത്ത് താളിച്ചു ചേർത്താൽ നല്ല രുചികരമായ തക്കാളി ചട്ണി തയ്യാർ.