Cheru payar With Pacha Kaya Curry : എന്നും സാമ്പാറും രസവും തീയലും ഒക്കെ ഉണ്ടാക്കി ബോറടിച്ചോ? പണ്ട് തന്റെ മുത്തശ്ശി ഉണ്ടാക്കിയിരുന്ന കറികൾ ഓർത്ത് ഭർത്താവ് പഴയ കാലത്തേക്ക് പോവാറുണ്ടോ? പതിവായി ഒരേ കറികൾ ഉണ്ടാക്കുന്നതിന് മക്കൾ നെറ്റി ചുളിക്കാറുണ്ടോ? അതിനൊരു പരിഹാരമാണ് ഈ കറി.രണ്ട് നേന്ത്രകായും കുറച്ച് ചെറുപയറും മാത്രം മതി ഈ കറിക്ക്. മറ്റു പച്ചക്കറികൾ നുറുക്കാനുള്ള സമയം വേണ്ട എന്ന് അർഥം.
ആദ്യം തന്നെ ഒരു മുക്കാൽ കപ്പ് ചെറുപയർ എടുക്കുക. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് അടച്ചു വച്ച് വേവിക്കുക. ഒരു മുക്കാൽ വേവ് ആവുന്നത് വരെ വേവിക്കാം. ഇതിലേക്ക് 150 ഗ്രാം നേന്ത്രക്കായ ചെറുതായി ചതുരകഷ്ണങ്ങളായി മുറിച്ച് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് വേവിച്ചെടുക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാം.
ഇത് വേവുന്ന സമയം കൊണ്ട് നമുക്ക് ഇതിന്റെ അരപ്പ് തയ്യാറാക്കാം. ഒരു കപ്പ് തേങ്ങ ചിരകിയത്, 6 പച്ചമുളക്, രണ്ട് അല്ലി വെളുത്തുള്ളി, കാൽ ടീസ്പൂൺ ജീരകം, അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ അരയ്ക്കുക. ഇതിലേക്ക് അരയ്ക്കാൻ ആവശ്യമായ വെള്ളം ചേർത്ത് നന്നായിട്ട് അരച്ചെടുക്കാം. ഈ അരപ്പ് വേവിച്ചു വച്ചിരിക്കുന്നതിലേക്ക് ചേർത്തിട്ട് ഇതിലേക്ക് രണ്ട് തണ്ട് കറിവേപ്പില ചേർക്കാം.
ഇനി താളിക്കാനായി വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഒരൽപ്പം കടുകും ചെറിയ ഉള്ളിയും വറ്റൽ മുളകും മൂപ്പിക്കാം. അവസാനമായി കറിവേപ്പിലയും ചേർത്ത് ഉണ്ടാക്കിവച്ചിരിക്കുന്ന കറിയിലേക്ക് ചേർത്ത് നന്നായി തിളപ്പിക്കാം.നല്ല രുചികരമായ നാടൻ കറി തയ്യാർ. ഈ ഒരൊറ്റ കറി മതി നിങ്ങളുടെ വീട്ടിലെ കുട്ടികൾ മുതൽ പ്രായമായവർ വരെ വയറു നിറയെ ചോറുണ്ണാൻ. ഈ കറിയുടെ ചേരുവകളും ഉണ്ടാക്കേണ്ട വിധവും വിശദമായി വീഡിയോയിൽ കാണാം.