ചെറുപഴം കൊണ്ടു ഇതുപോലെ പായസം ഉണ്ടാക്കി നോക്കൂ,കിടുവാണ്. | Cheru Pazham Tasty Payasam

Cheru Pazham Tasty Payasam : പ്രത്യേകമായി എന്തുണ്ടാക്കാമെന്ന് ചിന്തിച്ചിരിക്കുന്നവർക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന ഒരു വിഭവമാണ് ചെറുപഴം കൊണ്ട് ഉണ്ടാക്കാവുന്ന പായസം. സാധാരണയായി നേന്ത്രപ്പഴം ഉപയോഗിച്ച് എല്ലാവരും പായസം ഉണ്ടാക്കാറുണ്ടെങ്കിലും ചെറുപഴം ഉപയോഗിച്ച് ഉണ്ടാക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. നല്ല രുചിയോടു കൂടിയ ചെറുപഴ പായസം തയ്യാറാക്കാൻ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം.ഈയൊരു പായസം തയ്യാറാക്കാൻ ആവശ്യമായിട്ടുള്ള ചേരുവകൾ മൂന്ന് പൂവൻപഴം, 250 ഗ്രാം ശർക്കര, ഒന്നേമുക്കാൽ കപ്പ് തേങ്ങയുടെ

രണ്ടാം പാൽ, ഒരു കപ്പ് തേങ്ങയുടെ ഒന്നാം പാൽ, ഒരു നുള്ള് ഉപ്പ്, കാൽ ടീസ്പൂൺ ജീരകപ്പൊടി, കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടി, അണ്ടിപ്പരിപ്പ്, നെയ്യ്, തേങ്ങാക്കൊത്ത് എന്നിവയാണ്.ആദ്യം തന്നെ പായസം ഉണ്ടാക്കാൻ ആവശ്യമായ പഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കണം. അതിനുശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. എടുത്തു വച്ച അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും വറുത്തു മാറ്റാം. അതിനുശേഷം എടുത്തുവച്ച പഴത്തിന്റെ പേസ്റ്റ് നെയ്യിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. നെയ്യിന്റെ അളവ് കൂട്ടണമെങ്കിൽ ഈയൊരു സമയത്ത് ചേർത്തു കൊടുക്കാവുന്നതാണ്. പഴത്തിന്റെ പേസ്റ്റ് നന്നായി കുറുകി വരണം.

ഈ സമയം തന്നെ മറ്റൊരു പാത്രത്തിൽ ശർക്കര പാനി തയ്യാറാക്കാൻ ആവശ്യമായ ശർക്കരയും വെള്ളവും ചേർത്ത് കൊടുക്കാം. ശർക്കര നല്ലതുപോലെ കുറുകി പാനി ആകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. ഇത് കുറേശ്ശെയായി പഴത്തിന്റെ പേസ്റ്റിലേക്ക് ഒഴിച്ചു കൊടുക്കുക. പഴം ശർക്കരയിൽ നന്നായി മിക്സ് ആയി വരുമ്പോൾ അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ചു

കൊടുക്കാവുന്നതാണ്. ഇതൊന്ന് തിളച്ച് വരുമ്പോൾ അതിലേക്ക് എടുത്തു വച്ച ജീരക പൊടിയും, ഏലക്ക പൊടിച്ചതും, ഉപ്പും ചേർത്തു കൊടുക്കാം. അതിനുശേഷം തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ച് ഒന്ന് ഇളക്കിയ ശേഷം സ്റ്റവ് ഓഫ് ചെയ്തു വയ്ക്കാം. അതിനുശേഷം അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ഇട്ട് പായസം ചൂടോടെ സെർവ് ചെയ്യാവുന്നതാണ്. പായസം ഉണ്ടാക്കുന്ന രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like