മലയാളികളുടെ പ്രിയനായികയാണ് ശോഭന. സൂപ്പർതാരങ്ങളുടെ നായികയായി മലയാളിഹൃദയങ്ങൾ കീഴടക്കിയ ശോഭന ഇന്നും പകരം വെക്കാനാവാത്ത അഭിനയശൈലിയുടെ പെൺരൂപമാണ്. ഈയിടെയായി സോഷ്യൽ മീഡിയയിൽ ശോഭന ഏറെ സജീവമാണ്. ഇപ്പോഴിതാ ഒരു ഡാൻസ് റീലുമായി ആരാധകർക്ക് മുൻപിലെത്തിയിരിക്കുകയാണ് താരം. ‘മല്ലൂസ് വാക്കിങ് എറൗണ്ട് ഇൻ ശ്രിങ്കാര ചെന്നൈ’ എന്ന അടിക്കുറിപ്പോടെയാണ് ശോഭന തന്റെ പുതിയ
ഡാൻസ് റീല് പങ്കുവെച്ചിരിക്കുന്നത്. ശ്രീവിദ്യ ശൈലേഷ്, ആശ എന്നിവർക്കൊപ്പമാണ് താരം ചുവടുവെക്കുന്നത്. കേരളത്തിന്റെ തനിമയുണർത്തുന്ന വസ്ത്രധാരണമാണ് മൂവർക്കും. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായത്. റീലിന് ശോഭന തന്നെ ഒരു ആമുഖവും നൽകുന്നുണ്ട്. ദക്ഷിണചിത്ര ഹെറിറ്റേജ് മ്യൂസിയത്തിലാണ് ഡാൻസ് ഷൂട്ട് ചെയ്തിരിക്കുന്നത്. മനസിന് കുളിർമയേകുന്ന സംഗീതവും അതിനൊത്ത
നൃത്തചുവടുകളും എന്നാണ് ആരാധകരുടെ കമ്മന്റ്. മികച്ചൊരു ആമ്പിയൻസ് ആണ് ഡാൻസ് റീല് നൽകുന്നതെന്നും ഒരുകൂട്ടർ എടുത്തുപറയുന്നുണ്ട്. അഭിനയത്തിൽ സജീവമായിരുന്ന സമയത്തും ശോഭന തന്റെ നൃത്തലാവണ്യം കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിച്ചിരുന്നു. ഒട്ടേറെ വേദികളിലാണ് ഇതിനകം ശോഭന തന്റെ നൃത്തമികവ് തെളിയിച്ചിട്ടുള്ളത്. കോവിഡ് കാലത്താണ് സോഷ്യൽ മീഡിയയിലേക്ക് താരം ചേക്കേറിയത്. പിന്നീട ഇൻസ്റാഗ്രാമിലൂടെ താരം
പങ്കുവെച്ച എല്ലാ ഡാൻസ് വീഡിയോകൾക്കും മികച്ച പ്രതികരണങ്ങളാണ് സ്ഥിരം ലഭിക്കാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഡാൻസ് റീലിനും വളരെ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടക്ക് ശോഭന മലയാള സിനിമയിലേക്ക് തിരിച്ചുവരവിനുള്ള പച്ചക്കൊടി കാണിച്ചെങ്കിലും താരം വളരെ സെലക്ടീവ് ആവുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയായി ശോഭന സ്ക്രീനിലെത്തിയിരുന്നു.