സാന്ത്വനം ആരാധകർ ഒന്നടങ്കം നിരാശയിലാണ്. കഴിഞ്ഞ കുറച്ച് നാളുകളായി സാന്ത്വനം വീട്ടിലെ ഓരോ അംഗങ്ങൾക്കും ഉണ്ടായിരുന്ന അതേ സന്തോഷവും പ്രതീക്ഷയും തന്നെയായിരുന്നു ആരാധകർക്കും ഉണ്ടായിരുന്നത്. സാന്ത്വനത്തിൽ ഒരു കുഞ്ഞിക്കാൽ കാണുക എന്ന ഏവരുടെയും ആഗ്രഹത്തിന് അശുഭകരമായ പര്യവസാനം കുറിച്ചിരിക്കുകയാണ് ഇപ്പോൾ. അപ്പുവിനും ഹരിക്കും ജനിക്കാനിരുന്ന കുഞ്ഞ് ഇനി ഒരു നഷ്ടസ്വപ്നം മാത്രം. ഈ ദുഃഖപര്യവസാനം
പ്രേക്ഷകരിലേൽപ്പിച്ച മുറിവുണങ്ങും മുൻപേ സാന്ത്വനം ഫാൻസ് ഗ്രൂപ്പുകളിലും കുടുംബസദസുകളിലും അടുത്ത ചർച്ചക്ക് തിരികൊളുത്തിക്കഴിഞ്ഞു. അപ്പുവിന്റെയും ഹരിയുടെയും കുഞ്ഞ് എന്ന സ്വപ്നം തൽക്കാലത്തേക്കെങ്കിലും പിന്മാറിടുമ്പോൾ സാന്ത്വനത്തിൽ ആദ്യം തുള്ളിക്കളിക്കാൻ പോകുന്നത് ആരുടെ കുഞ്ഞിക്കാലുകൾ? അതെ, ആ ചോദ്യമാണ് ചില ദുരൂഹതകൾ പോലും ബാക്കിയാക്കി സാന്ത്വനം ടീം കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിൽ കോർത്തിണക്കിവെച്ചത്.

എന്തിനായിരുന്നു തറയിലെ കിടപ്പ് ശിവേട്ടൻ മതിയാക്കിയത്? എന്തിനുവേണ്ടിയായിരുന്നു പൊടുന്നനെയുള്ള ആ സ്നേഹചുംബനങ്ങൾ? ആരും പ്രതീക്ഷിക്കാത്ത സമയത്ത് ശിവാജ്ഞലിമാരുടെ ആദ്യരാത്രി നടത്തിയത് എന്തിനുവേണ്ടി? അതെ, സാന്ത്വനം ആരാധകർ ഈ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ മൂന്ന് ചോദ്യങ്ങളും ഒപ്പം കഥയിൽ ഇപ്പോൾ കാണിച്ചിരിക്കുന്ന അപ്പുവിന്റെ സങ്കടാവസ്ഥയും ഒന്ന് കൂട്ടിവായിച്ചാൽ
എവിടെയോ എന്തോ മണക്കുന്നില്ലേ എന്നാണ് ഒരുകൂട്ടം സാന്ത്വനം പ്രേക്ഷകരുടെ ചോദ്യം. ആരാധകർ സംശയിക്കുന്നത് ശരിയെങ്കിൽ അഞ്ജലിക്കാണോ ആദ്യം കുഞ്ഞ് പിറക്കുക? ഇപ്പോൾ തന്നെ അഞ്ജലിയെ ഗർഭിണിയാക്കാനാണോ സാന്ത്വനം ടീമിന്റെ പ്ലാൻ? ഭൂരിഭാഗം പ്രേക്ഷകരുടെയും അഭ്യർത്ഥന അത് വേണ്ടെന്ന് തന്നെയാണ്. ‘ഞങ്ങൾക്ക് ഇനിയും ശിവാഞ്ജലി പ്രണയം ആസ്വദിക്കണം. അതിൽ പൊട്ടലും ചീറ്റലും വേണം. ഇണങ്ങിച്ചേരലുകൾ വേണം. റൊമാന്സിന്റെ ന്യൂ ജെൻ തലങ്ങളിലേക്ക് ശിവേട്ടനെ കൊണ്ടുവരണം. എന്നിട്ട് മാത്രം മതി ശിവാജ്ഞലിമാർക്ക് ഒരു കുഞ്ഞ്’.
