Sharkkaravaratti Easy Recipe : ഓണം,വിഷു തുടങ്ങിയ എല്ലാവിധ ആഘോഷങ്ങൾക്കും സദ്യ ഒരുക്കുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് ശർക്കര വരട്ടി. ശർക്കര വരട്ടി തയ്യാറാക്കുമ്പോൾ അത് ശരിയാകുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതുകൊണ്ടു തന്നെ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നതായിരിക്കും പലരുടെയും ശീലം. എന്നാൽ വളരെ എളുപ്പത്തിൽ നല്ല രുചികരമായ ശർക്കര വരട്ടി എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ശർക്കര വരട്ടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒന്നര കിലോ അളവിൽ ഏത്തക്കായ, 250 ഗ്രാം ശർക്കര,കായ വറുക്കാൻ ആവശ്യമായ വെളിച്ചെണ്ണ, അര ടീസ്പൂൺ ചുക്കുപൊടി, അര ടീസ്പൂൺ ഏലക്കാപ്പൊടി എന്നിവയാണ്.ശർക്കര വരട്ടി തയ്യാറാക്കാൻ ആദ്യം കായ നല്ലതുപോലെ തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. കായയുടെ തൊലി കളയാനായി മൂർച്ചയുള്ള ഒരു കത്തി ഉപയോഗിച്ച് തലയും വാലും കട്ട് ചെയ്ത് കളയുക.
അതിനുശേഷം തൊലിയുടെ മുകൾ ഭാഗത്തുനിന്നും താഴേക്ക് ഒരു വരയിട്ട് നൽകാം. പിന്നീട് കത്തിയുടെ തലപ്പ് ഉപയോഗിച്ച് തൊലി പൂർണമായും പൊളിച്ചു മാറ്റാനായി സാധിക്കും. തൊലി മുഴുവനായും കളഞ്ഞശേഷം കുറച്ച് കട്ടിയോട് കൂടി അരിഞ്ഞ് മാറ്റണം. ശേഷം കായ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഇട്ടു കൊടുക്കാം. കായ നല്ലതുപോലെ ക്രിസ്പായി കിട്ടുമ്പോൾ വറുത്ത് മാറ്റിവയ്ക്കണം.
വറുത്ത കായ ഒന്ന് ചൂട് മാറി തുടങ്ങുമ്പോൾ ശർക്കരപ്പാനി തയ്യാറാക്കി അതിലേക്ക് വറുത്തു വച്ച കായ ഇട്ടു കൊടുക്കാവുന്നതാണ്. പാനി കായയിലേക്ക് നന്നായി ഇറങ്ങി പിടിക്കുമ്പോൾ തീ ഓഫ് ചെയ്തു വയ്ക്കാം. ശേഷം ചുക്കുപൊടി, ഏലക്ക പൊടി എന്നിവ ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ചൂടെല്ലാം വിട്ട് വരുമ്പോൾ ഒരു ടീസ്പൂൺ പഞ്ചസാര കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഇപ്പോൾ രുചികരമായ നാടൻ സ്റ്റൈൽ ശർക്കര വരട്ടി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.