സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ മിനിസ്ക്രീൻ ഇൻഡസ്ട്രിയിൽ കരിയർ നിലനിർത്തുക എന്നത് പലപ്പോഴും അഭിനേതാക്കൾക്ക് ഒരു വെല്ലുവിളിയാണ്, പ്രത്യേകിച്ച് നടിമാർക്ക്. എന്നാൽ, 2005-ൽ അരങ്ങേറ്റം കുറിച്ചത് മുതൽ, അനുശ്രി എന്ന ഓൺസ്ക്രീനിലെ പ്രേക്ഷകരുടെ സ്വന്തം പ്രകൃതി, തന്റെ കഠിനാധ്വാനവും വ്യക്തിത്വവും കൊണ്ട് നീണ്ട 17 വർഷങ്ങൾ സീരിയൽ ഇൻഡസ്ട്രിയിൽ അതിജീവിച്ചു.
ഇതിനോടകം നടി 50 ലധികം സീരിയലുകളുടെ ഭാഗമായിട്ടുണ്ട്. തന്റെ നാലാം വയസ്സിൽ ‘ഓമനത്തിങ്കൽ പക്ഷി’ എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടാണ് പ്രകൃതി അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. തുടർന്ന്, ദേവീമാഹാത്മ്യം, ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല തുടങ്ങിയ സീരിയലുകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് യുവനടി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ ആകർഷിച്ചു.
പ്രകൃതി തന്റെ 15-ാം വയസ്സിൽ ഏഴുരാത്രികൾ എന്ന ഹൊറർ സീരിയലിലൂടെയാണ് ആദ്യമായി നായിക വേഷം ചെയ്തത്. 2021 ഏപ്രിലിലായിരുന്നു അനുശ്രിയുടെ വിവാഹം. സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് അന്ന് ആരാധകർ നടിയുടെ വിവാഹ വാർത്ത അറിഞ്ഞത്. ‘എന്റെ മാതാവ്’ എന്ന സീരിയലിന്റെ ക്യാമറമാൻ വിഷ്ണു സന്തോഷിനെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെ മറ്റൊരു സന്തോഷവാർത്ത
സോഷ്യൽ മീഡിയയിലൂടെ ആരാധകാരുമായി പങ്കുവെച്ചിരിക്കുകയാണ് അനുശ്രി. ദമ്പതികൾ ഒരു കുഞ്ഞിനായിയുള്ള കാത്തിരിപ്പിലാണ്. തന്റെ വളകാപ്പ് ചടങ്ങിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി ഈ സന്തോഷ വാർത്ത ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, എത്ര മാസമായി എന്ന് തുടങ്ങിയ കാര്യങ്ങളൊന്നും നടി വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, വളകാപ്പ് ചടങ്ങിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.