Unniyappam Easy Recipe Malayalam : വിഷു പ്രമാണിച്ച് പലയിടങ്ങളിലും പ്രത്യേക വിഭവങ്ങൾ ആയിരിക്കും തയ്യാറാക്കുക. അതിൽ തന്നെ മിക്ക ഇടങ്ങളിലും ഉണ്ടാക്കുന്ന ഒരു വിശേഷ വിഭവമാണ് വിഷു സ്പെഷ്യൽ ഉണ്ണിയപ്പം. മിക്കപ്പോഴും അത് എത്രയുണ്ടാക്കിയാലും ശരിയാകുന്നില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു റെസിപ്പിയെ പറ്റി വിശദമായി മനസ്സിലാക്കാം.
നല്ല സോഫ്റ്റ് ആയ ഉണ്ണിയപ്പം തയ്യാറാക്കാനായി ആദ്യം ചെയ്യേണ്ടത് അര കിലോ പച്ചരി മൂന്നു മുതൽ നാലു മണിക്കൂർ വരെ കുതിർത്താനായി വെച്ച് അത് തരിയില്ലാതെ പൊടിച്ചെടുക്കുക എന്നതാണ്. വീട്ടിൽ തന്നെ ഇത്തരത്തിൽ അരി പൊടിച്ചെടുക്കുമ്പോൾ നല്ല സോഫ്റ്റ് ആയ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ 1/2 കിലോ ശർക്കര,അത് ഉരുക്കാൻ ആവശ്യമായ വെള്ളം, പഴം നാലു മുതൽ അഞ്ചെണ്ണം വരെ,ഏലക്കാപ്പൊടി ഒരു ടീസ്പൂൺ,കനം കുറച്ച് അരിഞ്ഞെടുത്ത തേങ്ങാക്കൊത്ത് ഒരു കപ്പ്, അപ്പം ഉണ്ടാക്കിയെടുക്കാൻ ആവശ്യമായ നെയ്യ്,സൺഫ്ലവർ ഓയിൽ എന്നിവയാണ്.
ആദ്യം തന്നെ കുതിർത്താനായി വെച്ച അരി തരിയില്ലാതെ പൊടിച്ചെടുക്കണം. അതിനുശേഷം അപ്പത്തിലേക്ക് ആവശ്യമായ ശർക്കര ഉരുക്കി എടുക്കുകയാണ് വേണ്ടത്. ശർക്കരയിലേക്ക് നേരത്തെ പറഞ്ഞ അളവിൽ വെള്ളമൊഴിച്ച് അത് നല്ല കട്ടിയായി ഉരുക്കിയെടുക്കണം. ശേഷം പഴം വട്ടത്തിൽ കഷ്ണങ്ങളായി അരിഞ്ഞ് മാറ്റി വെച്ചതും, നെയ്യിൽ വറുത്തെടുത്ത തേങ്ങാക്കൊത്തും, ഏലക്ക പൊടിയും കൂടി അരിപ്പൊടിയിലേക്ക് ചേർത്ത് ശർക്കരപ്പാനി ഇളം ചൂടോടു കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇത് കുറഞ്ഞത് എട്ടു മുതൽ 9 മണിക്കൂർ വരെ പൊങ്ങാനായി വയ്ക്കണം.
മാവ് നല്ലതുപോലെ പൊങ്ങി കഴിഞ്ഞാൽ അപ്പം ഉണ്ടാക്കി തുടങ്ങാം. അതിനായി ആദ്യം കാരോൽ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് പകുതി അളവിൽ നെയ്യ് ബാക്കി സൺഫ്ലവർ ഓയിൽ എന്ന അളവിൽ ഒഴിച്ച് കൊടുക്കാം. എണ്ണ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ ഒരു കരണ്ടി മാവ് ഒഴിച്ചു കൊടുക്കാവുന്നതാണ്. അപ്പത്തിന്റെ ഒരുവശം ആയിക്കഴിഞ്ഞാൽ മറുവശം കൂടി ഇട്ട് അപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.