അവർ ഒരു ദേവതയെപ്പോലെ; ശോഭനക്കൊപ്പമുള്ള സ്വപ്ന സാക്ഷാത്കാരത്തെക്കുറിച്ച് ഉണ്ണി

സിനിമാതരങ്ങൾക്ക് ഏറെ പ്രിയങ്കരനായ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ഉണ്ണി. നിരവധി താരങ്ങളെ അണിയിച്ചൊരുക്കിയതിലൂടെ ശ്രദ്ധേയനായ ഉണ്ണി സോഷ്യൽമീഡിയയിലും താരമാണ്. പ്രമുഖരെ ഒരുക്കി തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് പോകുമ്പോഴും ഉണ്ണിയുടെ മനസ്സിൽ ഒരു സ്വപ്നമുണ്ടായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്നാണ് ഉണ്ണി ഇപ്പോൾ കുറിച്ചിരിക്കുന്നു.

ഒരു താരത്തിനൊപ്പമുള്ള ഫോട്ടോഷൂട്ട് ആണ് ഉണ്ണി പങ്കുവച്ചിരിക്കുന്നത്. ‘ഭൂമിയോളം വിനയമുള്ള ദേവത’ അങ്ങനെയാണ് ഉണ്ണി അവരെക്കുറിച്ച് എഴുതിയത്. മറ്റാരുമല്ല, മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി ശോഭനയാണ് ആ താരം. ”ഒരുപാട് സ്വപ്നം കണ്ടിരുന്ന ഫോട്ടോഷൂട്ടാണ് ഇത്. ഇതാ ഞാൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയാണ്, എനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ല. ഭൂമിയോളം വിനയമുള്ള ഈ ദേവതയെ ഒരുക്കാൻ അവസരം ലഭിച്ചതിൽ ഒരുപാട് വിനയാന്വിതനാണ്.’ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ശോഭനയെ ഒരുക്കുന്നതിന്‍റെ ചിത്രങ്ങളും ഉണ്ണി പങ്കുവച്ചിട്ടുണ്ട്. നീലയും മഞ്ഞയും നിറമുള്ള കുർത്തയിലും ഓഫ് വൈറ്റ് നെറ്റ് സാരിയിലും അതീവ സുന്ദരിയാണ് ശോഭന. ”ഒരുപാട് പേർ വർക്കുകളെ അഭിനന്ദിച്ച് മെസേജ് അയക്കുന്നുണ്ട്. എല്ലാവരും തരുന്ന സ്നേഹത്തിന് വളരെയധികം നന്ദിയുണ്ട്. സത്യത്തിൽ വാക്കുകളിലല്ല. അതെല്ലാം വലിയ പോസിറ്റീവ് എനർജിയാണ് നിറക്കുന്നത്”- ഉണ്ണി പറയുന്നു. ‘അരുൺ പയ്യടിമീതലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സ്റ്റൈലിംഗും കോർഡിനേഷനും ചെയ്തത് അർജുൻ വാസുദേവാണ്.

നേരത്തെ കാവ്യ മാധവനെ ഒരുക്കുന്ന ചിത്രങ്ങൾ പങ്കുവച്ചാണ് ഉണ്ണി ശ്രദ്ധേയനായത്. പിന്നീട് നമിത ഉൾപ്പടെ മുൻനിര നായികമാരെയും മോഡലുകളെയും ഉണ്ണിയൊരുക്കി. പിന്നാലെ പ്രശസ്തരായ പലരുടെയും വിവാഹചടങ്ങുകളിലും ഉണ്ണി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബിസിനസ് മാഗ്നറ്റ് രവി പിള്ളയുടെ മകന്‍റെ വിവാഹചടങ്ങിന് വധുവിനെ ഒരുക്കിയതും ഉണ്ണിയാണ്.

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ തന്നെ ഹിറ്റ് നായികയായിരുന്ന ശോഭന തെലുങ്ക്, കന്നഡ്, തമിഴ്,ഹിന്ദി ,ഇംഗ്ലീഷ് ഭാഷകളിൽ എല്ലാം അഭിനയിച്ചു. ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന താരം തിരിച്ചുവന്നപ്പോഴും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. നൃത്തത്തിന് വേണ്ടി ജീവിതം അർപ്പിച്ച ശോഭന രാജ്യത്തിന് അകത്തും പുറത്തും നിരവധി ഷോകളും നൃത്ത ശിൽപങ്ങളും അവതരിപ്പിച്ചു. മോഡലിങ്, ഫാഷൻ, പരസ്യരംഗത്തും സജീവമായ ശോഭന പ്രമുഖ ബ്രാന്‍റുകളുടെ പരസ്യങ്ങളിലാണ് അഭിനയിക്കുന്നത്.

You might also like