മകള്‍ നിലയുടെ ആദ്യ വിമാനയാത്രാ വിശേഷങ്ങള്‍ പങ്കുവച്ച് ശ്രീജിഷും പേര്‍ളിയും

മലയാളികള്‍ക്ക് പ്രിയങ്കരരായ താരദമ്പതികളാണ് പേര്‍ളിയും ശ്രീനിഷും. നടിയും അവതാരകയുമായ പേളി മാണിയും, സീരിയല്‍ താരമായ ശ്രീനിഷ് അരവിന്ദും ബിഗ് ബോസ് സീസണ്‍ ഒന്ന് മുതല്‍ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയിരുന്നു. പേളിഷ് എന്ന് അറിയപ്പെടുന്ന ദമ്പതികള്‍ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് പതിവാണ്. പേര്‍ളി മാണി എന്ന പേരിലുള്ള സ്വന്തം യുട്യൂബ് ചാനലിലൂടെ ഇടയ്ക്കിടെ വീഡിയോകളും അപ്‌ലോഡ് ചെയ്യാറുണ്ട്.

ഇപ്പോള്‍ ഇതാ യുട്യൂബ് ചാനലിലൂടെ മകള്‍ നിലയുടെ ആദ്യ വിമാനയാത്രാ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് പേര്‍ളിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി ഹൈദരാബാദില്‍ നടന്ന സൈമ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനായിരുന്നു പേര്‍ളിയും ശ്രീനിഷും വിമാനയാത്ര നടത്തിയത്. ചടങ്ങില്‍ പങ്കെടുക്കാനായി കുഞ്ഞുനിലയെയും കൊണ്ടാണ് പേര്‍ളിഷ് ദമ്പതികള്‍ യാത്ര ചെയ്തത്.

വീട്ടില്‍ നിന്നും യാത്ര പുറപ്പെടുന്നതു മുതല്‍ വിമാനത്താവളത്തിലെത്തുന്നതും, വിമാനത്തില്‍ കയറുന്നതും, യാത്ര ചെയ്യുന്നതും, അതിനു ശേഷം ഹൈദരാബാദിലെ ചടങ്ങ് നടക്കുന്ന വേദിയിലെത്തുന്നതും വരെയുള്ള ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഈ വീഡിയോ ഇതിനോടകം വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. വീഡിയോയ്ക്ക് താഴെ കമന്റ് ബോക്‌സില്‍ നിരവധി പേരാണ് പേളിഷ് ദമ്പതികളെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുന്നത്.

പോസിറ്റിവിറ്റി നല്‍കുന്ന വീഡിയോ ആണ് ഇതെന്ന് ആരാധകരില്‍ ചിലര്‍ കുറിച്ചു. ഒരു കുഞ്ഞിനെയും കൊണ്ട് എങ്ങനെ വിമാനയാത്ര ചെയ്യാമെന്നു പേളിഷ് ദമ്പതികള്‍ ഇതിലൂടെ കാണിച്ചു തന്നിരിക്കുകയാണെന്നു മറ്റു ചിലരും വീഡിയോയ്ക്ക് താഴെ കുറിച്ചു. 2021 മാര്‍ച്ച് 20നാണ് പേളിഷ് ദമ്പതികളുടെ മകളായി നില ജനിച്ചത്. മകളുടെ ജനനം മുതലുള്ള ഓരോ കുഞ്ഞു വിശേഷങ്ങളും ഇരുവരും സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. പേളി മാണിയുടെ യുട്യൂബ് ചാനലിന് പുറമേ ഇന്‍സ്റ്റാഗ്രാമിലെ റീല്‍സിലും കുഞ്ഞുനിലയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞുനിലയ്ക്ക് ഇപ്പോള്‍ നിരവധി ഫാന്‍സും ഉണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതികളുടെ മകളായ പ്രാര്‍ഥനയ്‌ക്കൊപ്പം കളിക്കുന്ന കുഞ്ഞുനിലയുടെ വീഡിയോ വൈറലായിരുന്നു.

You might also like