തെന്നിന്ത്യന്‍ സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് മീന. സിനിമയില്‍ ബാലതാരമായെത്തിയ മീന പില്ക്കാലത്ത് രജനികാന്ത്, കമലഹാസന്, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി ഉള്‍പ്പെടെയുള്ള തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളുടെ നായികയായി വേഷമിട്ടു. ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2ല്‍ മീന അഭിനയിച്ചിരുന്നു.
ഈ മാസം 16ന് മീനയുടെ 45-ാം ജന്മദിനമായിരുന്നു. ജന്മദിനത്തില് മകള്‍ നൈനികയുമൊത്തുള്ള ചിത്രം താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, താരം 45-ാം ജന്മദിനം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സിനിമാ താരങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ സെലിബ്രിറ്റികളുടെ ഒരു നീണ്ട നിര തന്നെ മീനയുടെ ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കുകയുണ്ടായി.
നടിമാരായ സ്നേഹ, സംവിധായകന് ഹരിയുടെ ഭാര്യയും നടിയുമായ പ്രീത ഹരി, നടന് ജയം രവിയുടെ ഭാര്യ ആര്‍തി രവി, കനിഹ, സംഗീത കൃഷ് തുടങ്ങിയ സെലിബ്രിറ്റികള്‍ ചടങ്ങിനെത്തിയിരുന്നു. കറുപ്പ് നിറത്തിലുള്ള വേഷമണിഞ്ഞാണ് ഇവരെല്ലാം എത്തിയത്. ഇവരോടൊപ്പം സില്‍വര്‍ ഗ്രേ നിറത്തിലുള്ള അയഞ്ഞ മേല്‍ വസ്ത്രവും, കറുപ്പ് പാന്റ്സുമിട്ട് മീന ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി. ഈ ഫോട്ടോ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

Finale of my birthday ?? With my gorgeous girls (സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം എന്റെ ജന്മദിനാഘോഷത്തിനു സമാപനം കുറിക്കുന്നു) എന്നൊരു കുറിപ്പും ഫോട്ടോയ്ക്കൊപ്പമുണ്ടായിരുന്നു. ബര്‍ത്ത്ഡേ പാര്‍ട്ടിയുടെ ഫോട്ടോകളില്‍ ചിലത് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. നിരവധി ആരാധകര്‍ താരത്തിന് ജന്മദിനാശംസകള് നേര്‍ന്ന് രംഗത്തുവരികയും ചെയ്തു.

തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് മീന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ശിവ സംവിധാനം ചെയ്ത അണ്ണാത്തെ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡി എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന മീനയുടെ ചിത്രങ്ങള്‍. ദൃശ്യം 2ന്റെ തെലുങ്ക് റീമേക്കിലും മീന അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ വെങ്കടേഷ് ദഗ്ഗുബട്ടിയാണ് നായകന്.