തോളിൽ കയ്യിട്ട് നടന്നയാൾ; മണിച്ചേട്ടന്‍റെ ഓർമയിൽ ചാലക്കുടിയിലെ ഈ ചങ്ങാതി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനായിരുന്നു കലാഭവൻ മണി. നടനെന്നതിൽ അപ്പുറം തീർത്തും നാട്ടിൻ പുറത്തുകാരനായ ഒരാളായിരുന്നു അദ്ദേഹം. ചാലക്കുടിയിൽ എത്തിയാൽ നടനല്ല, നാട്ടുകാരനാവും അദ്ദേഹം. വെള്ളിത്തിരയിലെ നായക വേഷം അഴിച്ചു വച്ച് മുണ്ടും മടക്കി കുത്തി വടക്കന്‍റെ പീടികത്തിണ്ണയിൽ സൊറ പറയാനെത്തും. മണി മരിച്ച് വർഷങ്ങൾക്കിപ്പുറവും മായാത്ത ഓർമകളാണ് അദ്ദേഹത്തിന്‍റെ നാട്ടുകാർക്ക്.

‘ഈ പീടികത്തിണ്ണയിൽ എന്‍റെ ചുമലിൽ കയ്യിട്ടിരുന്ന് സംസാരിക്കുന്ന മണിയെ എങ്ങനെ മറക്കാനാണ്” മീൻ വിൽക്കുന്ന ജോസിന് മണിയെക്കുറിച്ച് പറയാൻ നൂറ് നാവ്. ”എത്രയോ വർഷങ്ങളായുള്ള പരിചയമാണെന്നോ. എന്ത് സഹായത്തിനും മുന്നിലുണ്ടാവും. അറിഞ്ഞ് സഹായിക്കും. ഒന്നും അങ്ങോട്ട് ചോദിക്കേണ്ടി വരാറില്ല.”

‘എനിക്ക് ഓർക്കാതിരിക്കാൻ പറ്റില്ല മണിയെ. ഓണവും വിഷുവും എന്ത് വിശേഷവും വന്നാൽ അരിയും സാധനവും കാശും വസ്ത്രവും ഒക്കെ എത്തിക്കും. ഇവിടെ ഓരോരുത്തർക്കും. വേണ്ടെന്ന് പറഞ്ഞാലും കാണുമ്പൊഴൊക്കെ എന്തെങ്കിലും തരണം മൂപ്പർക്ക്. ഇല്ലേൽ
ഒരു സമാധാനക്കേടാ. അത്രക്ക് ഉപകാരിയായിരുന്നു” ജോസിന്‍റെ വാക്കുകളിൽ മണിയോടുള്ള അടങ്ങാത്ത സ്നേഹം .

മണി മരിച്ചെന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ല ജോസിന്. ആ വാർത്തയുടെ ഞെട്ടൽ ഇത്രയും വർഷമായിട്ടും മാറിയിട്ടില്ല. ” മീൻ വലിയ ഇഷ്ടമായിരുന്നു. എന്ത്ണ്ട് കയ്യിൽ ചേട്ടാ എന്ന് പറഞ്ഞ് തുടങ്ങും. പിന്നെ മീനുകളെക്കുറിച്ചാവും വർത്തമാനം. ഇടയ്ക്ക് ഏതെങ്കിലും സ്പെഷ്യൽ മീൻ വേണമെന്ന് വിളിച്ച് പറയും. ഞാൻ കൊണ്ടു കൊടുക്കും. എന്ത് കാര്യമുണ്ടെങ്കിലും ഓടിച്ചെല്ലാവുന്ന ഒരു ഇടമായിരുന്നു മണി.”

‘എല്ലാർക്കും വേണ്ടപ്പെട്ട ഒരാൾ. സിനിമാക്കാരനാന്നൊന്നും ഇല്ല. തോളിൽ കയ്യിട്ട് നടക്കും എല്ലാരുടെയും കൂടെ. ഇപ്പോൾ ഓർമകൾ മാത്രമേ ഉള്ളൂ. എല്ലാം നല്ല ഓർമകൾ തന്നെ. ആ ഓർമ നിലനിർത്താൻ സ്മാരകം വരുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ നടപടിയൊന്നും ആയില്ല. എത്ര ആളുകളാണ് ഇപ്പോഴും അദ്ദേഹത്തിന്‍റെ ഓർമയിൽ ഇപ്പോഴും ഇവിടെ വരുന്നത്. അതുകൊണ്ട് മണിയുടെ സ്മരണക്ക് ഒരു സ്മാരകം വരട്ടെ” ജോസും ചാലക്കുടിക്കാരും ഒരേ സ്വരത്തിൽ പറഞ്ഞു വയ്ക്കുന്നു

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Vijaya Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like