ഇന്ത്യൻ സിനിമാ സംഗീതലോകത്ത് പകരക്കാരില്ലാത്ത പ്രതിഭാസാന്നിധ്യമാണ് ഗായിക ശ്രേയ ഘോഷാൽ. ഒരു മലയാളി അല്ലാതിരുന്നിട്ട് കൂടി മലയാളം പാട്ടുകൾ ഏറ്റവും സുന്ദരമായി പാടുന്ന ശ്രേയ മലയാളക്കരയിലെ സ്റ്റാർ ഗായിക തന്നെയാണ്. മലയാളത്തിൽ മമ്മൂട്ടി ചിത്രം ബിഗ്ബിയിലെ വിട പറയുകയാണോ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെയാണ് ശ്രേയ തുടക്കം കുറിച്ചത്. അന്ന് മുതൽ ഇന്നുവരെയും മലയാളികളുടെ ഇഷ്ടഗായകരുടെ നിരയിൽമുൻപന്തിയിൽ തന്നെ ശ്രേയയുമുണ്ട്. ഈ വർഷം തന്നെ മെയ് 22 നായിരുന്നു
ശ്രേയയ്ക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് 2015 ഫെബ്രുവരിയിൽ ശൈലാദിത്യ മുഖോപാധ്യായയുമായി ശ്രേയ തന്റെ ദാമ്പത്യജീവിതം തുടങ്ങുന്നത്. ശ്രേയയുടെ കുടുംബവിശേഷങ്ങൾ പ്രേക്ഷകർക്കെന്നും പ്രിയങ്കരം തന്നെ. ഇപ്പോഴിതാ മകന്റെ ആദ്യത്തെ ദീപാവലി ആഘോഷത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടുകയാണ് താരം. ദേവ്യാൻ എന്ന തന്റെ പൊന്നോമനയുടെ ആദ്യ ദീപാവലി ആഘോഷം ഏറെ
സന്തോഷിപ്പിക്കുന്നുവെന്നാണ് താരം പറയുന്നത്. പ്രസവശേഷം മകന്റെ ഫോട്ടോസൊനും തന്നെ അധികം ശ്രേയ പങ്കുവെച്ചിരുന്നില്ല. ഇപ്പോൾ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ താരം പങ്കുവെച്ചത് സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പം കളിച്ചും ചിരിച്ചും ദേവ്യാൻ ഉണ്ട്. മകനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ശ്രേയയുടെ ചിത്രത്തിന് ഒട്ടേറെ കമന്റുകളും എത്തുന്നുണ്ട്. മലയാളത്തിൽ മാത്രമല്ല, ഒട്ടേറെ ഭാഷകളിൽ തന്റെ
സ്വരമാധുരിമ പകർന്നുനൽകിയ ഗായികയാണ് ശ്രേയ. ഏകദേശം പന്ത്രണ്ടോളം ഭാഷകളിൽ ശ്രേയ പാടിയിട്ടുണ്ട്. നാലു തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സരിഗമപ എന്ന റിയാലിറ്റി ഷോയിൽ വിജയിയായിട്ടായിരുന്നു ശ്രേയ സംഗീതലോകത്തേക്ക് കടന്നുവരുന്നത്. 2002 ൽ ദേവദാസ് എന്ന സിനിമയിലെ ഗാനങ്ങൾ പാടി പിന്നണിഗാനരംഗത്തേക്ക് ചുവടുവെക്കുകയായിരുന്നു ശ്രേയ. പല പ്രമുഖ സംഗീത സംവിധായകരെയും വിസ്മയിപ്പിച്ചിട്ടുള്ള ഗായിക കൂടിയാണ് ശ്രേയ.