വളരെ ചുരുക്കം സിനിമകൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മുക്ത. അമ്മയുടെ പാത പിൻപറ്റി മുക്തയുടെ മകൾ കിയാര എന്ന കണ്മണിയും സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. ഗായിക റിമി ടോമിയുടെ സഹോദര പുത്രിയായ കണ്മണിയെ, ഇതിനോടകം തന്നെ റിമിയുടെ യൂട്യൂബ് ചാനലിലൂടെ എല്ലാവർക്കും പരിചിതമാണ്.
ഇന്ദ്രജിത്ത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ‘പത്താം വളവ്’ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മുക്തയുടെ മകൾ കണ്മണി. എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രം മെയ് 13-ന് തിയ്യറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മുക്തയും കണ്മണിയും പങ്കെടുത്ത ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇന്റർവ്യൂവിൽ തനിക്ക് ആരെ പോലെ ആകണമെന്നും, അമ്മയുടെ ഇഷ്ടമുള്ള സിനിമകൾ ഏതൊക്കെയാണെന്നുമുള്ള വിശേഷങ്ങൾ കണ്മണി പങ്കുവെക്കുന്നുണ്ട്. വലുതാകുമ്പോൾ അമ്മയെ പോലെ ഒരു നടി ആവണോ അതോ, കൊച്ചമ്മയെ (റിമി ടോമി) പോലെ ഒരു ഗായിക ആവണോ എന്ന് അവതാരിക ചോദിച്ചപ്പോൾ, തനിക്ക് നയൻതാര ചേച്ചിയെ പോലെ ഒരു വലിയ നടിയായാൽ മതി എന്നായിരുന്നു കണ്മണിയുടെ നിഷ്കളങ്കത നിറഞ്ഞ മറുപടി.
അമ്മയുടെ ഇഷ്ടമുള്ള സിനിമകൾ ഏതൊക്കെയെന്ന് ചോദിച്ചപ്പോൾ, ‘ഡോളി’ എന്നാണ് കണ്മണി മറുപടി നൽകിയത്. അതായത്, മുക്ത കേന്ദ്രകഥാപാത്രമായി ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ‘കൂടത്തായി’ എന്ന പരമ്പരയാണ് കണ്മണി ഉദ്ദേശിച്ചത്. മകൾ അത് ഇഷ്ടപ്പെടാനുള്ള കാരണം മുക്ത തന്നെ വെളിപ്പെടുത്തുന്നുണ്ട്. “കണ്മണി എല്ലാ ദിവസവും കണ്ടുക്കൊണ്ടിരുന്ന ഒന്നാണ് ‘കൂടത്തായി’, അതുകൊണ്ടാണ് അവൾ അത് ഇഷ്ടപ്പെടുന്നു എന്ന് പറയുന്നത്,” മുക്ത പറഞ്ഞു.