നേന്ത്രപഴം കൊണ്ട് കിടിലൻ രുചിയിൽ ആവിയിൽ തയ്യാറാക്കാം.!! | Banana Evening Snack Recipe

Banana Evening Snack Recipe : വെക്കേഷൻ കാലമായാൽ കുട്ടികൾക്ക് ഈവനിംഗ് സ്നാക്ക് ആയി എല്ലാദിവസവും എന്തു ഉണ്ടാക്കി കൊടുക്കും എന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. മാത്രമല്ല എല്ലാദിവസവും എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ നൽകുക എന്നത് അത്ര നല്ല രീതിയുമല്ല. അങ്ങിനെ ചിന്തിക്കുന്നവർക്കായി തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന നേന്ത്രപ്പഴം കൊണ്ടുള്ള ഒരു ഹെൽത്തി ഇലയടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് മൂന്ന് നന്നായി പഴുത്ത നേന്ത്രപ്പഴം ആവിയിൽ പുഴുങ്ങിയെടുത്തതാണ്. ആവിയിൽ പുഴുങ്ങിയ പഴം തൊലി കളഞ്ഞ് ഒരു ഫോർക്ക് ഉപയോഗിച്ച് നല്ലതുപോലെ ഉടച്ചെടുക്കണം. ഒട്ടും കട്ടകളില്ലാത്ത രീതിയിൽ പഴം കുഴച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിലേക്ക് ഒരു കപ്പ് അളവിൽ അരിപ്പൊടി, ഒരു പിഞ്ച് ഉപ്പ്, ഒരു ടീസ്പൂൺ അളവിൽ നെയ്യ് എന്നിവ ചേർത്ത് ഒരു കട്ടിയുള്ള മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കണം. ഇത് കുറച്ചുനേരത്തേക്ക് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം.

ഈയൊരു സമയം കൊണ്ട് അടയിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കുക.ശേഷം കുറച്ച് അണ്ടിപ്പരിപ്പ് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. വീണ്ടും അതിലേക്ക് അരക്കപ്പ് അളവിൽ തേങ്ങ, മധുരത്തിന് ആവശ്യമായ പഞ്ചസാര, കുറച്ച് ഏലക്ക പൊടിച്ചത് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.

അതിനുശേഷം നേരത്തെ തയ്യാറാക്കിവെച്ച മാവിൽ നിന്നും ഒരു വലിയ ഉരുള എടുത്ത് അത് ഒരു ഇലയിൽ വച്ച് കൈ ഉപയോഗിച്ച് പരത്തി കൊടുക്കുക. അതിനുമുകളിൽ ഫിലിങ്സ് വെച്ച് വീണ്ടും ഒരു മാവിന്റെ ഉരുള കൂടി പരത്തി നേരത്തെ ഉണ്ടാക്കിയതിന് മുകളിൽ പ്രസ്സ് ചെയ്തു കൊടുക്കുക. ശേഷം ഇത് 15 മിനിറ്റ് നേരം ആവി കയറ്റാനായി വയ്ക്കണം. ഇപ്പോൾ നല്ല രുചികരമായ പഴം കൊണ്ടുള്ള ഇലയട തയ്യാറായിക്കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like