

Banana Easy Evening Snack : മുൻകാലങ്ങളെ അപേക്ഷിച്ച് നാടൻ പലഹാരങ്ങളോടുള്ള ഇഷ്ടം ആളുകൾക്ക് കുറഞ്ഞു തുടങ്ങിയോ എന്ന് ചെറിയ ഒരു സംശയം ഇല്ലാതെ ഇല്ല. എന്നാൽ നാടൻ പലഹാരങ്ങളിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അത് കുട്ടികൾക്കും മുതിർന്നവർക്കുംമെല്ലാം കഴിച്ചു നോക്കാൻ താല്പര്യമുണ്ടാകും. അത്തരത്തിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു വിഭവമാണ് ഇവിടെ വിശദമാക്കുന്നത്.
ഇത് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ മട്ട അരി കഴുകി വെള്ളം കളഞ്ഞ് ഊറ്റിയെടുക്കുക. അതിനുശേഷം അത് ഒരു പാനിൽ ഇട്ട് നല്ലതുപോലെ വറുത്ത് മാറ്റിവയ്ക്കണം. കൂടാതെ ഈയൊരു പലഹാരം തയ്യാറാക്കാനായി അല്പം തേങ്ങ ചിരകിയതും, നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ആവശ്യമാണ്.പിന്നീട് മധുരത്തിനായി ശർക്കര പാനി തയ്യാറാക്കി എടുക്കുകയാണ് വേണ്ടത്. അതിനായി ഒരു ഉണ്ട ശർക്കര അല്പം വെള്ളം ഒഴിച്ച് പാനിയാക്കി അരിച്ചെടുത്ത് മാറ്റാം. ശേഷം ചെറുപഴം
വട്ടത്തിൽ അരിഞ്ഞെടുത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക. നേരത്തെ തയ്യാറാക്കി വെച്ച വറുത്ത അരി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക.അതുകൂടി പഴത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ശർക്കരപ്പാനി ചേർത്ത് നല്ലതുപോലെ അരിപ്പൊടിയിൽ മിക്സ് ചെയ്യുക. നെയ്യിൽ വറുത്തു വച്ച അണ്ടിപ്പരിപ്പും,മുന്തിരിയും ഈയൊരു സമയത്ത് അരിപ്പൊടിയുടെ കൂട്ടിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്.
ശേഷം ഓരോ ഉരുളകളായി പൊടി ഉരുട്ടിയെടുക്കാവുന്നതാണ്. നേരത്തെ ചിരകി വച്ച തേങ്ങയിൽ അരിയുണ്ടകൾ ഒരുവട്ടം റോൾ ചെയ്ത് എടുക്കാം. ഇപ്പോൾ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു.സാധാരണ അരിയുണ്ട ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ രുചിയിൽ ഉണ്ടാക്കാവുന്ന ഒരു പലഹാരമാണ് ഇത്. മാത്രമല്ല വീട്ടിൽ കൂടുതലായി ഉള്ള പഴവും കളയാതെ സൂക്ഷിക്കാൻ ഈയൊരു മാർഗ്ഗം പരീക്ഷിക്കാവുന്നതാണ്. കുട്ടികൾക്കും പ്രായമായവർക്കുമെ ല്ലാം ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന ഒരു വിഭവമായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.